ഫിമ ഓണം 2019: ഒരു വടംവലി കഥ

admin/ September 19, 2019/ Blog

എഴുതിയത് : വിമി പുത്തെന്‍വീട്ടില്‍

സെപ്റ്റംബർ 14 2019 ശനി. നീണ്ട കാത്തിരിപ്പിനും ആകാംക്ഷക്കും
വിരാമം. ഫിമ എവർറോളിങ് വടംവലി ട്രോഫിയിൽ മുത്തമിട്ട് underdog ഗജവീരൻസ്!

ഫിമ ഓണാഘോഷ പരിപാടിയാണ് രംഗം. ആഴ്ചകൾക്കു മുൻപേ
എക്സിക്യൂട്ടീവ് ബോർഡ് തുടങ്ങി വെച്ച തയ്യാറെടുപ്പുകൾക്കൊന്നും
പ്രവചിക്കാനാവാത്തവിധത്തിൽ പൊടി പാറിയ പൂരം. കാത്തിരിപ്പെന്നു വെച്ചാൽ ദിവസങ്ങളും മാസങ്ങളുമല്ല. രണ്ടു വർഷത്തെ കാത്തിരിപ്പായിരുന്നു ഫിൻലണ്ടിലെ മലയാളികൾക്ക് ഈ ഓണാഘോഷത്തിനായി.

ഒരു ഒത്തു ചേരലിനും സദ്യക്കുമപ്പുറം വടംവലി അങ്കത്തട്ടിലെ
പോരാട്ടങ്ങൾ കാണാൻകൂടിയാണ് ഫിമ ഈ ആഘോഷം കാത്തിരിക്കുന്നത്. ആഘോഷ പരിപാടിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വടംവലി ടീമുകൾ സോഷ്യൽ മീഡിയ കൈയ്യേറി. പുതു കാൽവെപ്പായ ‘നിസ്സാരം’ കുറിക്കുകൊള്ളുന്ന നര്മ്മബോധം കൊണ്ട് പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി. നിലവിലെ ചാമ്പ്യന്മാരായ ‘കേരള ടസ്‌കേഴ്‌സ്’ നിശബ്ദത കൊണ്ടും.
പക്ഷെ ഒരിക്കലും മങ്ങാത്ത അർപ്പണബോധത്തോടെ ഏറ്റവും
തയ്യാറെടുപ്പുകൾ നടത്തിയത് ഗജവീരൻസ് എന്ന ഏറ്റവും ആവേശമുള്ള ടീം. (കഴിഞ്ഞ വർഷത്തെ ദയനീയ തോൽവി “താത്വികമായി അവലോകനം” ചെയ്തതിൻറ്റെ അനന്തരഫലം). ലോഗോ അച്ചടിച്ച ടീഷർട്ടിലും സ്റ്റിക്കറിലും ഒതുക്കാതെ ഫാൻസ്‌ ക്ലബ്, സ്റ്റാൾ, പുലികളി, ഘോഷയാത്ര മുതലായ പറഞ്ഞാൽ തീരാത്ത പ്രചാരണ തന്ത്രങ്ങൾ അരങ്ങത്തും വിദഗ്ധമായ പ്ലാനിംഗ് പിന്നാമ്പുറത്തും.

President ഡെന്നിസിൻറ്റെ നേതൃത്വത്തിൽ EB(Executive Board) അംഗങ്ങളും ഭാര്യമാരും പലവിധ ജോലികളുമായി ഓടിനടന്നു. സെക്രട്ടറി ജോൺ സദ്യക്കുള്ള എക്സൽ ഷീറ്റ് തയ്യാറാക്കി പാചകം ചെയ്യാൻ ആളുകളെ ചാക്കിട്ടു പിടിച്ചു. ഗെയിംസ് നടത്തിപ്പിനായി Vice President വിപിൻ വീട്ടമ്മമാരെ ഫോൺ ചെയ്യാനും തുടങ്ങി. EBയിലെ ഒരേയൊരു സ്ത്രീസാന്നിധ്യമായ ആര്യ പൂക്കളം ഇടാൻ ഫിമെയിലെ ചേച്ചിമാരോട് കെഞ്ചി. പരിപാടിക്ക് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നത് കണ്ടു EBക്ക് ഉറക്കം നഷ്ടപ്പെട്ടു.

സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസമായിരുന്നു ഫിമയ്ക്കു സെപ്‌റ്റംബർ കുറെ നാളുകളായി ഉണ്ടായിരുന്ന മഴയും തണുപ്പും വരെ വേദി ഒഴിഞ്ഞു തന്നു. എല്ലാ ചേരുവകളും ചേരേണ്ട അളവിൽ ചേർന്നപ്പോൾ ഓണാഘോഷം മറക്കാനാവാത്ത അനുഭവമായി. ചവിട്ടി തേഞ്ഞു തീർന്നതല്ലാത്ത പുത്തൻ ചുവടുകളുമായി
തിരുവാതിരക്കളിയും പ്രഗൽഭ്യമുള്ളവരാൽ സമ്പന്നമായ പാട്ടുസംഘവും പതിവ് കാഴ്ചകൾ മാത്രമായി മാറാതെ കലാമേന്മയിൽ മുന്നിട്ടു നിന്നു. ഈ കലാസംഘങ്ങൾ ഫിമക്കു വലിയ മുതല്കൂട്ടാവും എന്ന പ്രതീക്ഷ നൽകുന്നു.

ആതിഥേയരായ അരവിന്ദിൻറ്റെയും അലൻറ്റെയും സ്വാഭാവികത
തോന്നിക്കുന്ന സംഭാഷണങ്ങളും നവമി അരങ്ങു തകർത്ത ക്വിസ്
പരിപാടിയും സമയം പോകുന്നതറിയാതെ കാണികളെ പിടിച്ചിരുത്തി. സൗമ്യയും സനിതയും നിതിലും പ്രിയങ്കയുമൊക്കെ നടത്തിയ മത്സരങ്ങളിൽ ആളുകൾ ഉത്സാഹത്തോടെ പങ്കെടുത്തപ്പോൾ ഓണാഘോഷം ഉത്സവസമാനമായി.. മത്തായി ചേട്ടൻ മാവേലിയായി എത്തിയപ്പോഴാണ് പരിപാടിക്ക് പൂർണത വന്നത്.

പങ്കെടുക്കാൻ ആളുണ്ടാവില്ല എന്നും വരുന്നവർ നൃത്തം ചെയ്യില്ല എന്നൊക്കെയുള്ള സംഘാടകരുടെ ആശങ്കൾ ഇല്ലാതാക്കി couples ഗെയിമിനായി ദമ്പതികൾ ഓടിയെത്തി. ക്വിസിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ലിസയും ജോണും എത്ര നേരം വേണമെങ്കിലും മടുപ്പില്ലാതെ മരംചുറ്റി പ്രേമം അഭിനയിക്കാം എന്ന് തെളിയിച്ചു ഇവിടെയും ജേതാക്കളായി.

പുലികളിയും ചെണ്ടമേളവുമൊക്കെയായി ഗ്രൗണ്ടിലേക്കുള്ള ഗജവീരൻസിൻറ്റെ ഘോഷയാത്ര ഫിമയുടെ ആഘോഷങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ രചിച്ചു. സ്ത്രീകളുടെ മത്സരത്തിൽ ഒരു
തയ്യാറെടുപ്പുമില്ലാതെ വന്ന സുനാമി ടീം പുഷ്പം പോലെ വടവും
പറിച്ചെടുത്തു നടന്നപ്പോൾ യൂണിഫോറവും കറുത്ത കണ്ണടയും ആയി വന്ന അനങ്ങാപാറക്കായി ബാക്കിയായത് ഓർത്തോർത്തു ചിരിക്കാൻ കുറെ മുഹൂർത്തങ്ങളും “പാലും മുട്ടയും വേണ്ടേ വേണ്ട ..” എന്ന് തുടങ്ങുന്ന ഒരു ഗാനവും.

സമയം നിശ്ചലമായി നിന്ന കേരള ടസ്‌കേഴ്‌സ് vs ഗജവീരൻസ് ഫൈനൽസ്. ജിപ്സൺ വിസിൽ മുഴക്കി. ബാക്കിയെല്ലാം ചരിത്രം. “When you want something, all the universe conspires in helping you to achieve it.” – Paulo Coelho. ഗജവീരൻസിൻറ്റെ കാര്യത്തിൽ ഇത് ശരിയാണെന്ന് തോന്നുന്നു. ഇത്തവണ അവർ ജയിക്കാൻ ടസ്‌കേഴ്‌സ് പോലും ആഗ്രഹിച്ചിട്ടുണ്ടാകും. അത്രക്കായിരുന്നല്ലോ അവരുടെ പോരാട്ട വീര്യം.

ഒടുവിൽ കൊട്ടിക്കലാശമായി സദ്യ. ഇരുപത്തിമൂന്നു പേർ തയ്യാറാക്കി കൊണ്ട് വന്ന വിഭവങ്ങൾ നൂറിലധികം പേർ പരസ്പരം വിളമ്പി കഴിക്കുന്നതു ഒരു തികഞ്ഞ ഓണാനുഭവമായിരുന്നു. ഈ ഒരുമയാണ് ഓണം തരുന്ന ഏറ്റവും വലിയ സന്ദേശം എന്ന് ഓർമപ്പെടുത്തുന്ന നിമിഷങ്ങൾ.

പ്രിയപ്പെട്ട പോളേട്ടന്റ്റെ പേരിൽ ഒരു ട്രോഫി സ്ഥാപിക്കപ്പെട്ടപ്പോൾ ഫിമയുടെ താളുകളിൽ പുതിയ വരികൾ രചിക്കപെടുകയാണ്. പുതിയ ഓർമ്മകൾ സൃഷ്ടിക്കപ്പെടുകയാണ്. കുറേ ക്യാമറകൾ ഒപ്പിയെടുത്ത രംഗങ്ങൾ ആണ് വടംവലിക്കുന്ന ഗജവീരൻസ് ടീമിന്റ്റെ അരികിൽ നിന്ന് ആവേശം പകരുന്ന ടീം മാനേജർ ജിജോയും അതുപോലെ മത്സരത്തിനൊടുവിൽ
വിജയാഹ്ളാദത്തിൽ ആർത്തു വിളിക്കുന്ന ഗജവീരൻസ് ടീമും. ഇവയൊന്നും ആരുടേയും മനസ്സിൽ നിന്ന് പെട്ടെന്ന് മായാൻ ഇടയില്ല.

വാൽകഷ്ണം: പരിപാടികൾ കഴിഞ്ഞപ്പോൾ ജിജോക്ക് ഒരു വിമ്മിഷ്ടം. സുനാമി ടീം ക്യാപ്റ്റൻ ആയ ഭാര്യ ഹിമ നേടിയതുൾപ്പടെ 2 ട്രോഫികൾ വീട്ടിൽ എവിടെ വെക്കും എന്നതാണ് പ്രശ്നം.

ഒടുവിൽ കിട്ടിയ വാർത്ത : ട്രോഫികൾ വെക്കാൻ ജിജോ വീട്ടിൽ ഒരു അലമാര പണിയുന്നു.


Share this Post