Christmas message
സ്നേഹത്തിന്റെ സന്ദേശവുമായി ഇതാ വീണ്ടുമൊരു ക്രിസ്മസ്
ഡിസംബർ 25 – തൂമഞ്ഞിൻറെ അകമ്പടിയോടെ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇതാ ക്രിസ്മസ് ആഗതമായി. സന്തോഷത്തിന്റെ ദിനം. ദൈവപുത്രനായ ഈശോ മനുഷ്യനായി പിറന്ന ആനന്ദത്തിന്റെ ദിവസം. ഭവനങ്ങളിൽ എല്ലാവരും ഒത്തുകൂടുന്ന സുദിനം. ആഹ്ളാദവും ആഘോഷവും തിരതല്ലുന്ന അന്തരീക്ഷം.
നക്ഷത്ര വിളക്കുകളും, പുല്ക്കൂടുകളും, മണിനാദങ്ങളും, ക്രിസ്മസ് ട്രീയുമൊക്കെ എങ്ങും അണിനിരന്നു. ആഘോഷങ്ങളുടെ ക്രിസ്മസ് രാവ്. സമ്മാനങ്ങളുടെ നിലാവിൽ കുളിച്ചു നിൽക്കുന്ന ഈറൻ നിലാവുള്ള രാത്രി. സമ്മാനങ്ങൾ – സ്നേഹത്തിന്റെ ഓർമപ്പെടുത്തലുകളുമായി ആഘോഷങ്ങൾക്കു ഹൃദ്യത പകരുന്നു.
ക്രിസ്മസ് അടുത്ത് വന്നതോടെ സ്റ്റീഫൻ ആകെ അങ്കലാപ്പിലായി. കുട്ടികൾക്ക് അന്നന്നത്തെ ഭക്ഷണം കൊടുക്കാൻ പോലും കഷ്ടപ്പെടുന്ന തനിക്കു തൻ്റെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനം കൊടുക്കാൻ എങ്ങനെ സാധിക്കും?
ഇതിനിടെ ഇളയ മകൾ വീട്ടിലെ ഏറ്റവും വില കൂടിയ ഗോൾഡൻ സമ്മാന പേപ്പർ എടുത്തു ഒരു ഷൂ ബോക്സ് പൊതിയുന്നത് സ്റ്റീഫന്റെ ശ്രദ്ധയിൽ പെട്ടു. ഇത് കണ്ടു സ്റ്റീഫന് കൂടുതൽ ദേഷ്യം വന്നു. മകളെ വിളിച്ചു ശാസിക്കുകയും ചെയ്തു. തൻ്റെ മകൾക്കു ഇതിനൊക്കെ എവിടെ നിന്ന് പണം ലഭിച്ചു എന്ന് ചിന്തിച്ചു ആശ്ചര്യപ്പെടുകയും ചെയ്തു.
‘’ഇതാ ഡാഡിക്കുള്ള സമ്മാനം’’ – ക്രിസ്മസ് ദിവസം തുള്ളിച്ചാടി സന്തോഷത്തോടെ ഇളയ മകൾ സമ്മാനപ്പൊതിയുമായി സ്റ്റീഫനെ സമീപിച്ചു. സ്റ്റീഫന് തൻ്റെ മകളുടെ ആവേശം കണ്ടപ്പോൾ അവളെ വഴക്കു പറഞ്ഞതിൽ ദുഃഖം തോന്നി.
പക്ഷെ സമ്മാനപ്പൊതി തുറന്നപ്പോൾ അതിനകത്തു ഒന്നുമില്ല -ഒന്നുമില്ലാത്ത സമ്മാനപ്പൊതി കണ്ടപ്പോൾ സ്റ്റീഫന് കൂടുതൽ ദേഷ്യം വന്നു. അപ്പോൾ മകൾ ആവേശത്തോടെ പറഞ്ഞു – ഡാഡി, അതിനകത്തു മുഴുവൻ ഞാൻ ഉമ്മ കൊണ്ട് നിറച്ചിരിക്കുകയാണ്. ഐ ലവ് യൂ ഡാഡി!
മകളുടെ നിഷ്കളങ്ക സ്നേഹം കണ്ട സ്റ്റീഫൻ ആകെ പശ്ചാത്താപവിവശനായി. മകളെ കെട്ടിപിടിച്ചു ക്ഷമ ചോദിച്ചു കരഞ്ഞു.
ഒരു അപകടത്തിൽ ആ മകൾ ഏറെ താമസിയാതെ മരിച്ചു. സ്റ്റീഫൻ ആ സ്നേഹത്തിന്റെ കൈയൊപ്പുളള സമ്മാനപ്പൊതി ജീവിത കാലം മുഴുവൻ തൻ്റെ കിടക്കയുടെ അരികിൽ വയ്ക്കുകയും ചെയ്തു. ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴൊക്കെ സ്റ്റീഫൻ പിന്നീട് ആ ബോക്സ് തുറന്നു മകളുടെ ഉമ്മകൾ ഹൃദയത്തോട് ചേർത്ത് വെച്ച് ആശ്വാസം കണ്ടെത്താറുണ്ടായിരുന്നു.
തികച്ചും വ്യത്യസ്തമായ ഒരു സമ്മാനത്തിന്റെ ചരിത്രം ഏകദേശം ഇരുപതു നൂറ്റാണ്ടുകൾക്കു മുൻപായിരുന്നു. ലോകജനതക്കു വേണ്ടി ഒരു സമ്മാനം ഭൂമിയിലേക്ക് വന്നത്. അത് സൃഷ്ടാവായ ദൈവം തന്റെ സൃഷ്ടികൾക്കു വേണ്ടി ഒരുക്കിയ സ്നേഹസമ്മാനമായിരുന്നു.
അങ്ങ് ദൂരെ ബെത്ലെഹെമിൽ മഞ്ഞു പെയ്യുന്ന രാത്രിയിൽ പുൽത്തൊട്ടിയിൽ ഒരു ശിശു ഭൂജാതനായി.അവൻ്റെ ജനനത്തിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. മാലാഖമാർ പാട്ടുപാടി. ആ പാട്ടുകേട്ട ആട്ടിടയർ ആശ്ചര്യഭരിതരായി.
ഭൂമിയിൽ ദൈവപ്രസാദമുള്ളവർക്കു സമാധാനവുമായി സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്ന സ്നേഹ സമ്മാനം.അവനു മാത്രമായി ഒരു നക്ഷത്രം ആകാശസീമയിൽ ശോഭിച്ചു നിന്നു. നക്ഷത്രം വഴികാട്ടിയായ ആ അസുലഭ നിമിഷത്തിൽ കിഴക്കു നിന്നിതാ പൂജരാജാക്കന്മാർ ശിശുവിനെ കാണാൻ വരികയായി.അവർ തങ്ങളുടെ നിക്ഷേപ പാത്രങ്ങൾ തുറന്ന്, ശിശുവിനായി സമ്മാനങ്ങൾ നൽകി. പൂജരാജാക്കന്മാർ ഈശോക്ക് പൊന്നും, മീറയും, കുന്തിരിക്കവും സമർപ്പിച്ചതിന്റെ പ്രതീകമായിട്ടാണ് നമ്മൾ ഇന്ന് ക്രിസ്മസിന് സമ്മാനങ്ങൾ കൈമാറുന്നത്.
.സമാധാന സന്ദേശവുമായി പിറന്ന യേശു ദൈവം തന്റെ സൃഷ്ടികൾക്കു വേണ്ടി ഒരുക്കിയ സ്നേഹസമ്മാനമായിരുന്നു ഇന്ന് നമുക്ക് ലഭിക്കുന്ന സമ്മാനങ്ങൾ നിറങ്ങളാലും അലങ്കാരങ്ങളാലും വര്ണശബളമാണ്. എന്നാൽ, ദൈവം കൂടെയുണ്ടെന്നുള്ള സ്നേഹസന്ദേശവുമായി ബെത്ലെഹെമിലെ കാലിത്തൊഴുത്തിൽ ഈശോ ജനിച്ചപ്പോൾ, മനുഷ്യകുലത്തിന് മുഴുവനുമുള്ള സ്നേഹസമ്മാനം അവിടെ പിറക്കുകയായിരുന്നു.
യാതൊരു പകിട്ടും വർണപ്പൊലിമയും ഇല്ലാതെ, ബെത്ലഹേമിലെ ഒരു പുൽത്തൊട്ടിയിൽ പിറന്ന്, തച്ചന്റെ മകനായി വളർന്ന യേശു. വിലമതിക്കാനാവാത്ത ഈ സമ്മാനം നമുക്കോരോരുത്തർക്കും വേണ്ടിയായിരുന്നു. ദൈവം താണിറങ്ങി വന്ന്, സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അകലം ഇല്ലാതാക്കി. അതേ, ദൈവം നമ്മോടുകൂടെ എന്ന സ്നേഹാനുഭവമാണ് ക്രിസ്മസ്.
മാലാഖമാർ ആട്ടിടയന്മാരുടെ അടുത്ത് പറയുന്നു, ‘’ഇതാ സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു…ഇതാ ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.’’(ലുക്കാ: 2 10 -11 ). സകല ജനത്തിനും സന്തോഷത്തിന്റെ സദ്വാർത്തയായാണ് ഈശോ ഭൂമിയിൽ ജനിച്ചത്.
ക്രിസ്മസ് രാവിൽ ‘ദൈവം നമ്മോടു കൂടെ’ അനുഭവം ലഭിച്ച ആട്ടിടയന്മാർ പ്രത്യാശയും ആനന്ദവും നിറഞ്ഞ ഹൃദയത്തോടെയാണ് തിരിച്ചു പോയത്. ‘ദൈവം നമ്മോടുകൂടെ’ എന്ന അനുഭവം സ്വന്തമാക്കിയ പൂജരാജാക്കന്മാർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേയ്ക്ക് മടങ്ങിയതായി നാം വായിക്കുന്നു. വ്യക്തിപരമായി, എന്റെ ജീവിതത്തിലും, ‘ദൈവം നമ്മോടു കൂടെ’ എന്ന അനുഭവം – എന്നെ സ്നേഹിക്കുന്ന, എപ്പോഴും എന്റെ കൂടെയുള്ള ദൈവത്തിന്റെ സ്നേഹം തിരിച്ചറിയാനും, ഹൃദയത്തിൽ അനുഭവിക്കാനും കഴിഞ്ഞപ്പോൾ ലഭിച്ച പ്രത്യാശയും, സമാധാനവും, ആനന്ദവും വാക്കുകൾക്ക് അതീതമാണ്.
നമുക്കെല്ലാവർക്കും സുപരിചിതയായ മദർ തെരേസയുടെ ജീവിതത്തിൽ ഈ ‘ദൈവം നമ്മോടു കൂടെ’ അനുഭവം വലിയ അനുരണങ്ങളാണ് സൃഷ്ടിച്ചത്. കൽക്കട്ടയിലെ തെരുവോരങ്ങളിലെ അനാഥരെയും വൃദ്ധജനങ്ങളെയും സംരക്ഷിക്കുക വഴി മുറിവേറ്റ മനുഷ്യകുലത്തിന് ശുശ്രുഷ ചെയ്ത മദറിൽ ലോകം ഈശോയുടെ സ്നേഹം ദർശിച്ചു.
ഒരു ക്രിസ്മസ് കാലത്തു ഓടയിൽ നിന്നും പുഴുവരിച്ച ഒരു മനുഷ്യനെ മദറും മറ്റ് സഹോദരിമാരും ചേർന്ന് പൊക്കിയെടുത്തു കുളിപ്പിച്ച്, മുറിവുകൾ മരുന്ന് വെച്ച് കെട്ടി, സ്വഭവനത്തിൽ പരിചരിച്ചു. മദറിൻറെയും മറ്റ് സഹോദരിമാരുടെയും സ്നേഹം ആവോളം അനുഭവിച്ച അയാൾ മരിക്കുന്നതിന് തൊട്ട് മുൻപ് പറഞ്ഞത് ഇപ്രകാരമാണ് – ‘’ഒരു കന്നുകാലിയെപ്പോലെയാണ് ഞാൻ ഇത്രനാളും തെരുവിൽ ജീവിച്ചത്. എന്നാൽ ഞാൻ ഇപ്പോൾ ഒരു മാലാഖയെപ്പോലെ മരിക്കാൻ പോകുന്നു…’’
ഈ ലോകത്തിൽ സ്നേഹമാണല്ലോ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതും, ആത്യന്തികമായി ഏറ്റവും അധികം വിലമതിക്കുന്നതും. സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോൾ മനുഷ്യഹൃദയങ്ങളിൽ പ്രത്യാശയും സമാധാനവും നിറയുന്നു. പുത്തൻ ഉണർവോടെ ജീവിതത്തെ സമീപിക്കുകയും ചെയ്യുന്നു. .
നമ്മെ സ്നേഹിക്കാൻ വെമ്പൽ കൊള്ളൂന്ന ഹൃദയവുമായി കാത്തിരിക്കുന്ന, കൂടെയുള്ള ദൈവത്തെ കണ്ടെത്താനും ആ സ്നേഹം അനുഭവിക്കാനും ഈ ക്രിസ്മസ് കാലത്തു നമുക്ക് സാധിക്കട്ടെ.
എല്ലാവർക്കും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ക്രിസ്മസ് പുതുവത്സരാശംസകൾ!
എഴുതിയത് ഷിനോ സജിസ്