മാധവിക്കുട്ടിയുടെ സുന്ദരികളും ചില വില്ലന്മാരും

admin/ January 11, 2019/ Blog/ 0 comments

മാധവിക്കുട്ടിയുടെ സുന്ദരികളും ചില വില്ലന്മാരും

നാട്ടുനടപ്പ് പ്രകാരം അനുവദനീയമായതിലും അധികം കാലം മധുവിധു ആഘോഷിച്ചത് കൊണ്ടായിരിക്കും ഞാനും ഭർത്താവ് സജിത്തും ഞങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന വാർത്തക്ക് വൻവരവേല്പ് ബന്ധുമിത്രാദികൾക്കിടയിൽ ലഭിച്ചത്. വിവാഹം കഴിഞ്ഞ ഉടനെ ഞങ്ങൾ ഫിൻലണ്ടിലേക്ക്‌ വണ്ടി കയറിയതാണ്. പിന്നീട് ഓരോ തവണയും നാട്ടിലേക്ക് പോകുമ്പോൾ “ഒരു കുഞ്ഞിക്കാല്” കാണിച്ചു കൊടുക്കാത്തത് കൊണ്ട് ബന്ധുക്കളും നാട്ടുകാരും മിത്രങ്ങളും ശത്രുക്കളും അപരിചിതരും വഴിയേ പോകുന്നവരുമൊക്കെ ഞങ്ങളോട് പരിഭവിച്ചിരുന്നു.

പരിഭവങ്ങൾ മാറിയത് കൊണ്ട് എങ്ങനെ ഇരിക്കണം നടക്കണം എന്ത് കഴിക്കണം കുഞ്ഞുണ്ടായ ശേഷം ശരീരം എങ്ങനെ ശ്രദ്ധിക്കണം എന്നുവരെയുള്ള നിർദേശങ്ങൾ  തികച്ചും സൗജന്യമായി തന്നെ മേല്പറഞ്ഞ ആളുകളിൽ നിന്നു മാതാപിതാക്കൾ വഴി എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇവിടെ എനിക്ക് കിട്ടുന്ന ചികിത്സയും പരിചരണവും ഞാൻ യഥാസമയം തിരിച്ചും അറിയിച്ചു കൊണ്ടിരുന്നു.

ഈ നൂറ്റാണ്ടിന്റെ തുടക്കമാണ് കാലം. വാട്സാപ്പ് പോയിട്ട് whatsup! എന്ന് പോലും മലയാളികൾ പറയാത്ത കാലം. Mark Zuckenberg കുട്ടീം കോലും കളിച്ചു നടക്കുകയായിരിന്നിരിക്കണം. അത് കൊണ്ട് ഫേസ്ബുക്കും ഇല്ല. ചിന്തിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും സമയമുണ്ടായിരുന്ന കാലമായിരുന്നു എന്നർത്ഥം. വിശദമായ കത്തുകളും ഇമെയിലുകളും വഴിയാണ് ബന്ധുക്കളുമായി വാർത്താവിനിമയം. കുഞ്ഞു പിറന്നു കഴിഞ്ഞുള്ള പ്രസവരക്ഷയും കത്തുകൾക്ക് വിഷയമായി. എൻ്റെ അവശതകളും ക്ഷീണവും അകറ്റാൻ സൈക്കിളിങ് പോലുള്ള ‘ലഘു’ വ്യായാമങ്ങൾ ചെയ്യാൻ നേഴ്സ് എന്നെ പ്രോത്സാഹപ്പിക്കുന്നുവെന്ന വാർത്ത എൻ്റെ വേരുകൾ ആഴ്ന്നിറങ്ങിയോടുന്ന മലബാറിലെ  ചില ഭാഗങ്ങളിൽ ഒരു ഭൂമികുലുക്കം ഉണ്ടാക്കിയതായി അറിയാൻ കഴിഞ്ഞു. നാട്ടിലാണെങ്കിൽ ഡോക്ടർമാർ ഒരു കാര്യവുമില്ലെങ്കിലും ബെഡ്‌റെസ്റ്റിനു  ഉത്തരവിടുകയാണല്ലോ പതിവ്..

എൻറെ ഉമ്മയുടെയും മറ്റു ബന്ധു സ്ത്രീകളുടെയും പ്രസവശുശ്രൂഷ  അനുഭവങ്ങൾ ധാരാളം മുൻപേകേട്ടിട്ടുണ്ട്. ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രത്യേക നാടൻ മരുന്നുകൾ കഴിച്ചും തൈലം തേച്ചു കുളിച്ചും കുട്ടിയെ വാല്യക്കാരെ ഏല്പിച്ചു മൂന്നു മാസം അധികം ദേഹം അനങ്ങാതെയുമുള്ള ആ വിശ്രമ ജീവിതത്തെ കുറിച്ച് വളരെ കാല്പനീകമായ ഒരു ചിത്രം എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു. ആകെക്കൂടി ഒരു രാജകീയ പരിചരണം. മാധവിക്കുട്ടിയുടെ രചനകളിൽ എവിടെയൊക്കെയോ വായിച്ചിട്ടുള്ള, പെറ്റു എണീറ്റാൽ ‘കാണാൻ നാല് കണ്ണ് വേണ്ടുന്ന’ സുന്ദരികളായ കഥാപാത്രങ്ങളെ എനിക്ക് ഓർമ വന്നു. അത് പോലെ ഒരു സുന്ദരിയായി  കൈയിൽ ഒരു കുഞ്ഞുമായി ഞാൻ ഗർഭവും പ്രസവവും തരണം ചെയ്യുന്നത്  ഗർഭത്തിൻ്റെ കൊടിയ അവശതകൾക്കിടയിലും ഞാൻ സ്വപ്നം കണ്ടു.

പ്രവാസി നിയമം രണ്ടാംഭാഗം അനുസരിച്ചു ഭാര്യയുടെ അച്ഛനമ്മമാരാണല്ലോ വിദേശത്തുള്ള മകൾക്കു ഗർഭമുള്ളപ്പോൾ അവിടെ പോകേണ്ടത്. ലക്ഷകണക്കിന് ഇന്ത്യൻ കുടുംബങ്ങളിലെ പോലെ എൻ്റെ ഉപ്പയും ഉമ്മയും എനിക്കും കുട്ടിക്കുമുള്ള മരുന്നുകളും എണ്ണകളും പലചരക്കു സാധനങ്ങളും തുണിത്തരങ്ങളൂം ഒക്കെയായി പ്രസവത്തിനു ഒരു മാസം മുൻപ് ഹെൽസിങ്കിയിൽ ലാൻഡ് ചെയ്തു. പ്രസവശുശ്രൂഷയിൽ കൊണ്ടും കൊടുത്തും വളരെ വൈദഗ്ദ്യം നേടിയ എൻ്റെ ഉമ്മയ്ക്ക് ഫിൻലണ്ടിലും അത് നടപ്പാക്കുന്നതിനെ കുറിച്ച് യാതൊരു  ആശങ്കയുമില്ലായിരുന്നു.

അവർ കൊണ്ട് വന്ന സാധനങ്ങൾ പുറത്തെടുക്കുമ്പോൾ അന്യഗ്രഹജീവിക ളെ കാണുന്നതുപോലെയുള്ള ഭാവങ്ങൾ എൻ്റെ പച്ചപരിഷ്കാരിയായ ഭർത്താവിൻ്റെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു. “ഇതൊന്നും ഇവിടെ നടക്കില്ല” എന്ന അദ്ദേഹത്തിന്റെ ആത്മഗദം എനിക്ക് ഉറക്കെ കേൾക്കാം എന്ന് തോന്നി. വന്ന ആദ്യ ദിവസങ്ങളിൽ  ഉപ്പയും ഉമ്മയും ഞങ്ങളുടെ അപ്പാർട്മെൻറ് നിന്നും നടന്നും ഇരുന്നും കിടന്നും ഒക്കെ അവലോകനം ചെയ്യുന്നുണ്ടായിരുന്നു. “തള്ളയും കുട്ടിയും ഇവിടെ കിടന്നോട്ടെ, ഇവിടെ ഇരുന്നു പാല് കൊടുക്കാം, തൈലം തേച്ചു കിടക്കാൻ സൗന സൂപ്പർ” എന്നൊക്കെ അവർ അടക്കം പറയുന്നത് കേട്ടു എനിക്കും ഉത്സാഹം കൂടി. ഗർഭിണികൾക്ക്‌ ഏറ്റവും ഉത്തമമായ വ്യായാമമായ മുറ്റമടിക്കൽ ചെയ്യിപ്പിക്കാൻ ഞങ്ങൾക്ക് മുറ്റവും കുറ്റിച്ചൂലും ഇല്ലാത്തതു ഉമ്മ വലിയ കുറവായി കണ്ടു. ഗർഭിണികൾക്കും പ്രസവശേഷവുമുള്ള ശുശ്രൂഷക്കു നമ്മുടെ നാടൻ രീതികൾ തന്നെ നല്ലതു എന്ന് ഉമ്മ നിത്യേന ഓർമിപ്പിച്ചു. ഇല്ലെങ്കിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ പിന്നീട്  ഉണ്ടാകുമെന്നാണ് ഭീഷണി.

കാത്തു കാത്തു അനന്തരം ആ ദിനം ആഗതമായി. ഒരു  പുലർച്ചെ, കുട്ടിയുടെ വരവിനു സമയമായപ്പോൾ ഞാനും സജിത്തും തിരക്കിട്ടു ആശുപത്രിയിൽ പോകാൻ തയ്യാറെടുത്തു. ഉമ്മയും ഉപ്പയും കൂടെ വരാൻ തയ്യാറെടുക്കുന്നത് കണ്ടു ഞങ്ങൾ ആശയക്കുഴപ്പത്തിലായി. ഇവിടെ ആശുപത്രികളിൽ രോഗികളുടെ കൂടെ ആരും ഉണ്ടാവാറില്ല, അവിടെ ഇരിക്കാൻ പോലും സ്ഥലം കാണില്ല എന്നൊക്കെ പറഞ്ഞു നോക്കി. ഞങ്ങളുടെ നിലപാട് കണ്ടു അവരും ആശ്ചര്യപ്പെട്ടു. ഞങ്ങൾ മാത്രമായി ആശുപത്രിയിൽ പോകുന്നത് അവർക്കു സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. ഗദ്യന്തരമില്ലാതെ ഞങ്ങൾ വഴങ്ങി. ഒരു പകലിനപ്പുറം അന്ന് സന്ധ്യക്ക്‌ സീമന്ത പുത്രനുമായി ഞങ്ങൾ വാർഡിലെത്തുന്നത് വരെ അവർ ഇൻഫർമേഷൻ ഡെസ്കിനു സമീപം കസേരകളിൽ പ്രാർത്ഥനയോടെ കഴിച്ചു കൂട്ടി.

വാർഡിലെ അടുത്തുള്ള മുറികളിലെല്ലാം പ്രസവം കഴിഞ്ഞ സ്ത്രീകൾ കുഞ്ഞുങ്ങളുടെ കാര്യവും നോക്കി അനായാസം ഒറ്റയ്ക്ക് താമസിക്കുന്നത് കണ്ടു ഉപ്പക്കും ഉമ്മക്കും മാത്രമല്ല എനിക്കും കണ്ണ് തള്ളിപ്പോയി. എനിക്കു മാത്രം ഡബിൾ റൂം. സദാ നേരവും കൂട്ടിനു ആള്. എന്നിട്ടും ദിവസങ്ങൾ മാത്ര പ്രായം ഉള്ള ഒരു കുരുന്നിൻ്റെ ഉറക്കം ഭക്ഷണം എന്നീ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ നന്നേ പാടുപെട്ടു. രാത്രികൾ അവൻ കരഞ്ഞു പകലാക്കി. രണ്ടു ദിവസം കൊണ്ട്‌ ഞങ്ങൾ എല്ലാവരും തളർന്നു. പുറമെ ഡോക്ടറെ കാണാൻ, ലാബിലേക്ക്, കുളിക്കാൻ, കുളിപ്പിക്കാൻ എന്നൊക്കെ പറഞ്ഞു നഴ്സുമാർ എന്നെ നടത്തുന്നത് കണ്ടു ഉമ്മ അരിശം കൊണ്ടു. ഈ സമയം പരിപൂർണ വിശ്രമം വേണം എന്നാണല്ലോ ഉമ്മയുടെ അറിവ്. ഇല്ലെങ്കിൽ പിൽക്കാലത്തു വലിയ ആരോഗ്യ പ്രശ്നങ്ങൾ വരുമത്രെ. ഈ നാട്ടിൽ ഇങ്ങനെയാന്നെന്നു പറഞ്ഞു എൻ്റെ മാതാപിതാക്കളെ ഞാൻ സമാധാനിപ്പിച്ചു.

ആശുപത്രിയിലെ എൻ്റെ മുറിയിൽ ഉണ്ടായിരുന്ന ഒരു ലഖുലേഖ ഉമ്മ ഉറക്കെ വായിക്കുന്നത് കേട്ടു. പ്രസവം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ അമ്മയുടെ ആരോഗ്യം വീണ്ടെടുക്കാൻ പാലിക്കേണ്ട നിർദേശങ്ങൾ ആയിരുന്നു അത്. ഭക്ഷണം, വ്യായാമം, അച്ഛന്റെ ഉത്തവാദിത്തങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളും അതിലുണ്ട്. പ്രശസ്‌ത സിനിമയിൽ നടൻ ഇന്നസെന്റിന്റെ കഥാപാത്രത്തിന് ലോട്ടറി കിട്ടുന്ന സീനാണ് ഓർമ്മ വന്നത്. അക്കമിട്ടു നിരത്തിയ നിർദ്ദേശങ്ങൾ ഓരോന്നായി വായിക്കുമ്പോൾ ആദ്യമാദ്യമുള്ള സ്ഥിരം കേൾക്കാറുള്ള “കുട്ടിയുടെ പരിചരണത്തിൽ അച്ഛന്മാർക്ക് തുല്യ പങ്കാളിത്തം” പോലുള്ള നിർദേശങ്ങൾക്ക് ചിരിയോടെ “ഹും ..പിന്നേ…കണ്ടിട്ടുണ്ട്.. കണ്ടിട്ടുണ്ട്” എന്നിങ്ങനെ പ്രതികരണം തുടങ്ങി. കൂടുതൽ വായിക്കുന്തോറും ഇവർ കാര്യമായിട്ടാണ് പലതും പറയുന്നത് എന്ന് മനസ്സിലായതോടെ പതുക്കെ പതുക്കെ ചിരി മാഞ്ഞു ഗൗരവമായി. ഒടുവിൽ “പ്രസവം കഴിഞ്ഞു ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം അമ്മമാർക്ക് വ്യായാമം ചെയ്തു തുടങ്ങാം” എന്നത് വായിച്ചു ഉമ്മ പാടെ നിലംപരിശായതോടെ വായന അവസാനിച്ചു.

ഒരു ദിവസം നവജാതൻ്റെ ദേഹം അല്പം ചൂട്. പനിയോ എന്ന് സംശയം. എല്ലാവര്ക്കും ടെൻഷൻ ആയി. ഞങ്ങളുടെ കാര്യം പോട്ടെ, കുഞ്ഞുങ്ങളുടെ  കാര്യത്തിൽ അതീവ ശ്രദ്ധയുള്ള ഫിന്നിഷ് സർക്കാർ ഇതെങ്ങനെ സഹിക്കും. കുഞ്ഞിനെ കുളിപ്പിക്കാൻ എത്തും എന്ന് നേരത്തെ അറിയിച്ചിരുന്ന നേഴ്സ് ഇതറിയുമ്പോൾ കുഞ്ഞിൻ്റെ ദേഹത്ത് നിന്ന് വൈറസുകളെ തല്ലിയൊടിക്കുന്നതു കാണാൻ ഞാൻ കാത്തിരുന്നു.

നേഴ്സ് വന്ന ഉടനെ വിഷമത്തോടെ ഞാൻ കാര്യം പറഞ്ഞു. ചിരിയോടെയുള്ള ഒരു ‘തന്നെ’ ആയിരുന്നു ഉത്തരം. കുളിപ്പിക്കൽ കർമത്തിന് തന്നെ നേഴ്സ് മുതിർന്നു.  പറഞ്ഞത് മനസ്സിലായി കാണില്ല എന്ന് പറഞ്ഞു ഉമ്മ എന്നെ ആരും കാണാതെ നുള്ളി. വല്ലപ്പോഴുമുള്ള സുഖ നിദ്രക്കു ഭംഗം വന്നത് കൊണ്ട് നവജാതൻ കരഞ്ഞു തുടങ്ങിയിരുന്നു ഒരു കൈയിൽ കുഞ്ഞിനെ തൂക്കിയിട്ട് മറുകൈകൊണ്ടു സിങ്കില് ടാപ്പിനടിയിൽ വെച്ച് ഒരു പാത്രം കഴുകുന്ന ലാഘവത്തോടെ കുട്ടിയെ കുളിപ്പിക്കുന്ന ഭീകരകാഴ്ച ശ്വാസം അടക്കിപിടിച്ചാണ് ഞങ്ങൾ നോക്കി നിന്നത്. അപ്പോഴേക്ക് കുട്ടി കരഞ്ഞു കരഞ്ഞു സ്വരം നേർത്തു പോയിരുന്നു. “കുഞ്ഞിന് ശ്വാസം കിട്ടുന്നുണ്ടോ” “പനിയുളളപ്പോൾ തല നനക്കാമോ” എന്നൊക്കെയുള്ള ഭാവിയിലെ ടൈഗർ മോം ആയ എൻ്റെ വിക്കി വിക്കിയുള്ള ചോദ്യങ്ങൾ അവർ സാരമാക്കിയതായി തോന്നിയില്ല. പച്ചപരിഷ്കാരം എന്നാൽ കഠിന മനസ്സ് എന്ന് തോന്നിക്കും വിധം സജിത്തിന്‌ മാത്രം യാതൊരു കുലുക്കവും ഇല്ല. കുളിയും പനിയും തമ്മിൽ ശാസ്ത്രിയ ബന്ധമൊന്നുമില്ലല്ലോ എന്ന് ഞാൻ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നത് ഉപ്പയെയും ഉമ്മയെയും ആശ്വസിപ്പിക്കുന്നതിൽ ഉപരി സ്വയം ബോധ്യപെടുത്താനാവണം.

ഡിസ്ചാർജ്‌ ആയി വീട്ടിൽ എത്തിയപ്പോൾ ഉപ്പയും ഉമ്മയും ആശ്വസിച്ചു. “ഇനിയൊന്നു നീണ്ടു നിവർന്നു കിടന്നു വിശ്രമിക്ക്‌” ഉമ്മ എല്ലാം ഏറ്റെടുത്തു്. ഉമ്മ ആദ്യം തന്നെ ഒരു വലിയ വെള്ളത്തുണി എടുത്തുകൊണ്ടു വന്നു. “തൊട്ടിൽ തുണി”! ഞങ്ങൾ ഞെട്ടി.  ഞങ്ങളുടെ ഫ്ലാറ്റിൽ തൊട്ടിൽ കെട്ടാൻ യാതൊരു വഴിയുമില്ല എന്ന് ആദ്യമേ ശ്രദ്ധിച്ചിരുന്ന ഉപ്പ മൗനം പൂണ്ടു. തുണിതൊട്ടിലിൽ കുട്ടികൾ നന്നായി ഉറങ്ങും എന്ന് പറഞ്ഞു ഉമ്മ എന്നെ പ്രലോഭിപ്പിച്ചു. ഒരു ഇറുകിയ അവസ്ഥയിൽ കുട്ടിയെ തൂക്കിയിടുന്നത് ചിന്തിക്കാൻ പോലും ആവാത്തതിനാൽ ഞാൻ വഴങ്ങിയില്ല. തൊട്ടിൽ കെട്ടുന്ന ഉദ്യമത്തിൽ നിന്നു ഉമ്മയെ പിന്തിരിപ്പിക്കാൻ  ദിവസങ്ങളോളം പെട്ട പാട് എഴുതിയാൽ ഒരു മഹാകാവ്യത്തിനുള്ള വകയുണ്ട്.

സജിത്തിനെ ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിവാക്കി പകരം ഉമ്മ രാത്രി എന്റെയും കുഞ്ഞിന്റെയും കൂടെ മുറിയിൽ കിടക്കാം എന്ന എന്റെ മാതാപിതാക്കളുടെ നിർദേശം അദ്ദേഹം സമ്മതിച്ചില്ല. കുഞ്ഞിന്റെ കൂടെ താമസം താൻ തന്നെ എന്നും കുഞ്ഞു കരഞ്ഞാൽ പാല് കൊടുക്കുന്നത് ഒഴികെ ബാക്കിയെല്ലാം താൻ തന്നെ ചെയ്തോളാം എന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങൾ അവരെ അത്ഭുദപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു. അച്ഛന്മാർക്കു ഒരു റോളും ഇല്ലാത്ത നാട്ടിലെ രീതികളോട് അവർ തങ്ങളുടെ എതിർപ്പ് ശക്തമായി പ്രകടിപ്പിച്ചു. ആശുപത്രിയിൽ വെച്ച് നേഴ്സ് കുട്ടിയെ കുളിപ്പിക്കാനും ഡയപ്പെർ  മാറ്റാനും അച്ഛനെ പഠിപ്പിച്ചത് അവർക്കു കൗതുകകരമായിരുന്നു.

കുഞ്ഞു ചെറുക്കന് എന്നെ പെട്ടെന്ന് തന്നെ നന്നേ ഇഷ്ടമായി.  എല്ലാത്തിനും എൻറെ സാന്നിധ്യം ഉറപ്പാക്കാൻ അവൻ വാശി പിടിച്ചു കരഞ്ഞു. അങ്ങനെ എനിക്കു കിട്ടുമായിരുന്ന അല്പം വിശ്രമവും അവൻ നിഷേധിച്ചു. അമ്മ മാത്രമുള്ള അവൻ്റെ കുഞ്ഞു ലോകത്തേക്ക് കയറിക്കൂടാൻ അവൻ്റെ അച്ഛൻ കിണഞ്ഞു ശ്രമിച്ചു. പുത്രന്റെ ഇഷ്ടം സമ്പാദിക്കാൻ ഡയപ്പർ മാറ്റാനും കുളിപ്പിക്കാനും കളിപ്പിക്കാനും സജിത്ത് മുൻകൈ എടുത്തു കൂടെ നിന്നു. ദൈവം അച്ഛനെ ആദ്യ മാസങ്ങളിൽ വെറുമൊരു കാഴ്ചക്കാരനാക്കിയതെന്തു എന്ന് ഞാൻ സഹതപിച്ചു. മൂന്നും നാലും പ്രാവശ്യമൊക്കെ കുഞ്ഞിന് പാല് കൊടുക്കാൻ ഉണരുന്ന രാത്രികളിൽ അച്ഛന്മാർക്കും പാല് കൊടുക്കാൻ പറ്റാത്തത് വല്ലാത്ത ന്യുനതയായി തോന്നി. അമ്മമാർ വല്ലാതെ ക്ഷീണിക്കുമ്പോളെങ്കിലും അച്ഛന് കുഞ്ഞിന് പാൽ കൊടുക്കാൻ സാധിച്ചിരുന്നെങ്കിൽ! കുഞ്ഞുമായി അഗാധമായ ഒരു ബന്ധം സ്ഥാപിക്കുന്ന ഏറ്റവും മഹത്ത്വമായ ഈ അനുഭവം ഒരിക്കലും നുകരാനാവാത്തതിൽ അച്ഛന്മാർ സഹതാപം അർഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ നാടൻമരുന്നുകൾ കുടിക്കുന്നത് കണ്ടു എൻറെ കണക്കുകൂട്ടലുകൾ ഒട്ടും തെറ്റിക്കാതെ പച്ചപരിഷ്‌കാരി മുടക്കു ന്യായവുമായി എത്തി. കുഞ്ഞിന് പാല് കൊടുക്കുന്നത് കൊണ്ടു ഞാൻ ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ ഒന്നും കുടിക്കാൻ പാടില്ല എന്നാണ് വാദം. മകനെ കിട്ടിയപ്പോൾ ഭാര്യയുടെ ആരോഗ്യത്തിനു പുല്ലു വിലയാണെന്ന് ഞാൻ ചിണുങ്ങി. “പിന്നേ .. കുട്ടികൾ ഉണ്ടാകുന്നത് രോഗമൊന്നുമല്ലല്ലോ മരുന്ന് കഴിക്കാൻ. ഈ ഫിൻലണ്ടിലുള്ള സ്ത്രീകൾ കുട്ടിയുണ്ടായാൽ വല്ല മരുന്നും കഴിക്കുന്നതായി കേട്ടിട്ടുണ്ടോ?”. എന്നിട്ടവർക്കു ആരോഗ്യത്തിനു കുറവില്ല എന്നാണ് വ്യംഗ്യം. ഒരു നഗ്നസത്യം മാറുവാദമായി കേട്ടെങ്കിലും ഞാൻ മനസ്സിലാക്കിയതായി ഭാവിച്ചില്ല. നാട്ടിൽ നിന്നും മരുന്നുകൾ കൊണ്ട് വന്നു എന്ന് ഡോക്ടറോട് പോയി പറഞ്ഞാൽ പുലിവാലാകുമല്ലോ. എനിക്ക് മാധവിക്കുട്ടിയുടെ സുന്ദരി ആവാനുള്ളതല്ലെ.

രാത്രിയിലെ കുട്ടിയുടെ കരച്ചിലും പാലുകുടിയും തുടങ്ങിയ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു ഞാൻ ഉറക്കം പിടിച്ചു വരുന്ന പുലർച്ചകളിൽ ഒന്നിൽ  ഉമ്മ തൈലവും സൗന്ദര്യവർദ്ധക വസ്തുക്കളും  കുളിക്കാനുള്ള മറ്റു സാമഗ്രികളുമായി എൻ്റെ കിടക്കക്കരികിൽ പ്രത്യക്ഷപ്പെട്ടു. ഇന്ന് മുതൽ തൈലം തേച്ചു കുളിതുടങ്ങാം എന്ന മുഖവുരയോടെ. ഉമ്മയെ ഓടിച്ചു വിട്ട ഞാൻ നട്ടുച്ചയോടെ ഉറക്കവും പ്രാതലും കഴിഞ്ഞു കുളിക്കാൻ തയ്യാറായി. ഒരു പള്ളിനീരാട്ടു തന്നെ മനസ്സിൽ ഉറപ്പിച്ചു സൗനയെ ലാക്കാക്കി നീങ്ങുന്ന ഞങ്ങളുടെ ജാഥക്ക് എതിരെ സജിത്ത് ചാടി വീണു. എണ്ണയും പൊടികളും ഒക്കെ സൗനയിൽ ഇരുന്നു തേച്ചാൽ സൗന  നാശമാകും എന്നതാണ് അദ്ദേഹത്തിന്ടെ പ്രശ്നം. വീട് ശ്രദ്ധയോടെ കൈകാര്യ ചെയ്യുന്നതിൽ സ്വതവെ നിഷ്കർഷ ഉണ്ടെകിലും ഈ അവസരത്തിലും ഇത്രയും കടുംപിടുത്തം ഞാൻ പ്രതീക്ഷിച്ചില്ല. എൻ്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രശ്നമാണല്ലോ. ഞാൻ വിടുമോ. ഒടുവിൽ ഉപ്പയുടെ മധ്യസ്ഥാതയിൽ നടന്ന സന്ധിചർച്ചയിൽ ടൈൽസ് പാകിയ കുളിമുറിയിൽ സ്റ്റൂൾ ഇട്ടു ഇരുന്നു തൈലം തേക്കാൻ എനിക്കു അനുമതി ലഭിച്ചു.

സകല സിനിമ നായികമാരെയും മനസ്സിൽ ധ്യാനിച്ചു തൈലം അങ്ങോട്ടു തേച്ചതും ബെഡ്‌റൂമിൽ ഉറങ്ങി കിടന്ന കഥാനായകന്റെ കരച്ചിൽ അപ്പുറത്തു നിന്നും കേട്ട് തുടങ്ങി. കുടുംബത്തിലെ ആണുങ്ങൾ കൂട്ടിയാൽ കൂടുമോ അവനെ ഒതുക്കാൻ? സാക്ഷാൽ ഉമ്മയെ എൻ്റെ അടുത്ത് നിന്നും മാറ്റി കളിക്കളത്തിൽ ഇറക്കി ഒരു പരീക്ഷണം നടത്തി. ങേഹേ!.. രക്ഷയില്ല. പിന്നെ വല്ല വിധേനയും ഞാൻ കുളിച്ചു എന്ന് വരുത്തി കുട്ടിയുടെ അടുത്തെത്തി അവനെ സമാധാനിപ്പിച്ചു. ഒരു മണിക്കൂർ വേണ്ടുന്ന നീരാട്ട് പതിനഞ്ചു നിമിഷമായി ചുരുങ്ങി. ഇത്തരത്തിലുള്ള കുളികൾ ഒരു പാട് നാളുകൾ തുടർന്നു. മിക്കവാറും ദിവസങ്ങളിൽ പുത്രന്റെ കരച്ചിൽ കാരണം അവ വളരെ ഹ്രസ്വമായി ചുരുങ്ങി. ഇനി അഥവാ കരഞ്ഞില്ലെങ്കിൽ കരയുമോ എന്ന ആകാംക്ഷയിൽ ഞാൻ അവ ഹ്രസ്വമാക്കി ഉമ്മയുടെ അപ്രീതിക്ക് പാത്രമായി. ഞാൻ മനക്കോട്ട കെട്ടി കാത്തിരുന്ന എൻ്റെ സുന്ദര പ്രസവകാലം കൈവിട്ടു പോകുന്നത് ഞാൻ അറിഞ്ഞു.

കുഞ്ഞിൻറെ ആദ്യത്തെ മെഡിക്കൽ ചെക്കപ്പിന് ‘നെയ്‌വോള’ എന്നറിയപ്പെടുന്ന  വീടിനു അടുത്തുതന്നെയുള്ള ക്ലിനിക്കിലേക്കു ഞാനും സജിത്തും നടന്നു തന്നെ പോയതറിഞ്ഞു ഉമ്മ കോപം കൊണ്ടു തുള്ളിച്ചാടി. “ഇത്ര പെട്ടെന്ന് ഇത്രയധികം വ്യായാമം ചെയ്‌താൽ വെറുതെ ഓരോ കോംപ്ലിക്കേഷൻസ് ഉണ്ടാകും. ഞങ്ങളൊന്നും വീടിനു വെളിയിൽ പോലും ഇറങ്ങാറില്ലായിരുന്നു” നഷ്ടപ്പെട്ട നല്ലകാലത്തെ ചൊല്ലി ഉമ്മ ദുഖിതയായി. ഈ നാട്ടിൽ ഇങ്ങനെ ആന്നെന്നു പറഞ്ഞു പറഞ്ഞു ഞങ്ങളും കേട്ട് കേട്ട് അവരും തളർന്നു.

കുഞ്ഞിന് എപ്പോഴും വയറ്റിൽ അസ്വസ്ഥതയും കരച്ചിലും. ഉപ്പ വിജയഭാവത്തിൽ പെട്ടിയിൽ നിന്നു കണ്ടാൽപോലും എന്താന്നെന്നു മനസ്സിലാവാത്ത ഒരു നാടൻ മരുന്നു പുറത്തെടുത്തു. “ഇത് കുട്ടികൾക്കൊക്കെ ഉണ്ടാകുന്ന പ്രശ്നമാണ്. ഞങ്ങൾ നന്നേ ചെറിയ കുട്ടികൾക്ക് കൊടുക്കുന്ന മരുന്ന് കൊണ്ടുവന്നിട്ടുണ്ട്” എന്ന് പറഞ്ഞു കുട്ടിക്ക് അത് കൊടുക്കാൻ ഒരുങ്ങിയതും വെടിയുണ്ട തടുക്കുന്ന കമാണ്ടോയെപോലെ സജിത്ത് അത് ചാടിവീണ് തടുത്തു. “എന്താന്ന് ഏതാണ് എന്നറിയാത്ത മരുന്നുകളൊന്നും കുട്ടിക്ക് കൊടുക്കുന്നത് സുരക്ഷിതമല്ല”,പുറകെ വിളംബരവും വന്നു.  “ഇതൊക്കെ തന്നു തന്നെയാ നിങ്ങളെയൊക്കെ ഞങ്ങൾ വളർത്തിയത് ” എന്നു ഉപ്പ സ്വരം താഴ്ത്തി പറഞ്ഞത് യുദ്ധരംഗം വിടുന്ന മുറിവേറ്റ പോരാളിയുടെ വികാരത്തോടെയായിരുന്നു.

കുട്ടിയുടെ വയറിൻറെ പ്രശ്നം ഡോക്ടറുടെ അടുത്ത് വരെ എത്തിയപ്പോൾ ഡോക്ടർ എന്തോ രഹസ്യ വിവരം കിട്ടിയപോലെ ഞാൻ കഴിക്കുന്ന ഭക്ഷണവും മരുന്നുകളും വിശദമായി ആരാഞ്ഞു. പ്രസവരക്ഷ   മരുന്നുകളെ കുറിച്ച് പറയാൻ ഞാൻ മനഃപൂർവം മറന്നെങ്കിലും സജിത്തിന്‌ ഒട്ടും ഓര്മക്കുറവുണ്ടായിരുന്നില്ല. വീട്ടിൽ അമ്മ ഉണ്ടാക്കിയ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ മരുന്നുകൾ എന്നൊക്കെ മാറ്റിപറഞ്ഞെന്നു മാത്രം.  “എങ്കിൽ അത്തരം മരുന്നുകൾ നിർത്തി നോക്കു” എന്ന് ഡോക്ടർ. എൻ്റെ മരുന്നു കുടി അതോടെ നിന്നെന്നു പ്രത്യേകിച്ച് പറയണ്ടല്ലോ.

ഇന്നോർക്കുമ്പോൾ ആ ദിനങ്ങൾ സ്വപ്നവേഗത്തിൽ കടന്നു പോയി. മൂന്നുമാസത്തെ ഫിൻലൻഡ്‌ താമസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്നതിന്റെ തലേദിവസം ഉമ്മ പറഞ്ഞതോർക്കുന്നു. അതിനോടകം ഫിൻലണ്ടിന്റ്റെയും ഇവിടത്തെ സ്ത്രീകളുടെ ആരാധികയായിത്തീർന്നിരുന്നു ഉമ്മ. “ഒരു കുട്ടിയുണ്ടാകുന്നതിൻ്റെ പേരിൽ നമ്മൾ കാട്ടികൂട്ടുന്ന കോപ്രായത്തിൻ്റെയൊന്നും യാതൊരു ആവശ്യവുമില്ലെന്നു ഇപ്പോൾ തോന്നുന്നു. ഇതൊന്നും ചെയ്യാത്ത ഫിനാൻഡിലെ സ്ത്രീകൾക്ക് എന്തൊരു ആരോഗ്യമാണ്” . ഉപ്പയും ഉമ്മയും നാട്ടുകാരോട് പറയാൻ ഒരുപാട് കഥകളുമായി നാട്ടിലോട്ട് വിമാനം കയറി. ഞാൻ ആകാംക്ഷയോടെ കണ്ണാടിയിൽ നോക്കി. “എന്നെ കാണാൻ ഇപ്പോൾ എത്ര കണ്ണുകൾ വേണ്ടിവരും?”

അനുബന്ധം: എന്റെ മാതാപിതാക്കൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം നേരത്തെ പറഞ്ഞ മലബാറിൻ്റെ ചില പോക്കറ്റുകളിൽ പ്രസവരക്ഷയിലെ ഫിന്നിഷ് രീതിക്കു ഒരു അനുകൂല തരംഗം കുറച്ചു നാൾ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപെടുത്തുന്നു.

എഴുതിയത് വിമി പുത്തെന്‍വീട്ടില്‍

Share this Post

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.