Onam 2017 – Finlandile Onakaazchakal

admin/ September 9, 2017/ Blog

കേരള ടസ്കേഴ്സ്ന്റെ നെഞ്ചിടിപ്പിന് അപ്പോൾ പെരുമ്പറയുടെ ശബ്ദമുണ്ടായിരുന്നു എന്നും, മാനേജരായ പഴയ സെക്രട്ടറി മുങ്ങാൻ ശമിച്ചു എന്നും, ഉത്തേജക മരുന്ന് ചോദിച്ചെത്തിയ ഏതോ മലയാളിയെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറുകാരൻ ചീത്തവിളിച്ചു എന്നുമൊക്കെ ഉള്ള കിംവദന്തികൾ ജനക്കൂട്ടത്തിൽ പങ്കുവെക്കപ്പെട്ടതു പെട്ടെന്നായിരുന്നു.

ഫിന്‍ലന്‍ഡിലെ ഓണകാഴ്ചകള്‍

ഈ തണുപ്പത് ഓണമൊക്കെ ആഘോഷിക്കാൻ പറ്റുമോ? നാട്ടിൽ നിന്നും ഒരു സുഹൃത്തിന്റെ ന്യായമായ ചോദ്യം ..മഞ്ഞു മൂടി കിടക്കുന്ന, ക്രിസ്മസ് പപ്പയുടെ ജന്മ ദേശ മായ രാജ്യത്തെ കുറിച്ച് അങ്ങനെ ഒരു സംശയം ആരെങ്കിലും ചോദിച്ചില്ലെങ്കിലേ അദ്‌ഭുദമുള്ളൂ. പക്ഷെ സത്യം അതല്ലല്ലോ. മലയാളി എവിടെയുണ്ടോ അവിടെ ഓണവും വരാതെ പറ്റില്ലല്ലോ.

ഫിൻലൻഡ്‌ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ ഒരു മാസം മുൻപേ തുടങ്ങി. പതിഭാനിധിയായ പ്രെസിഡൻണ്ടും ഉർജ്ജസ്വലനായ സെക്രെട്ടറിയും കാര്യകർതൃ സമിതിയും ഇതെങ്ങനെ പൊടിപൊടിക്കും എന്ന് ചിന്തിച്ചു തലയിൽ നിന്നും പുക വന്ന സമയത്തു പ്രധാന അംഗമായ ഷാജി ഗഫൂർ തൻ്റെ സ്വതസിദ്ദ വിസ്തൃതവിശാല സുസ്മേരവുമായി പ്രഖ്യാപിച്ചു.. ”എന്ത് സംഭവിച്ചാലും ഞാനും എൻ്റെ ചങ്ങാതികളും വടംവലിയെ ഒരു സംഭവമാക്കി മാറ്റും”. കഴിഞ്ഞവര്ഷത്തെ ജേതാവും സർവോപരി യുവജനങ്ങളുടെ കണ്ണിലുണ്ണിയുമായ ഷാജി പറഞ്ഞാൽ പറഞ്ഞതാണ് .അപ്പോൾ പിന്നെ അതിന്റെ കാര്യത്തിൽ തീരുമാനമായി . ഇനിയുമുണ്ടല്ലോ ഒരുപാട് കാര്യങ്ങൾ. അങ്ങിനെ കൂലംകഷമായ ചർച്ചകൾക്കും വാദമുഖങ്ങൾക്കും അവകാശവാദങ്ങൾക്കും ശേഷം ഓണപരിപാടിക്ക് രുപരേഖയായി, സ്പ്റ്റംബർ മൂന്നാം തിയതി എസ്പോ ഇന്റർനാഷണൽ സ്കൂളിൽ ഓണാഘോഷം നടത്തുവാനും തീരുമാനിച്ചു… പ്രെസിടെണ്ടു തലവേദനയുടെ മരുന്നുകഴിച്ചു, സെക്രട്ടറി ആശ്വാസ നിശ്വാസത്തോടെ കളത്തിലിറങ്ങാൻ അമ്മയുടെ അനുവാദം തേടി…അങ്ങേത്തലക്കൽ ഫോണെടുത്തത് ഉറങ്ങാതെ കാത്തിരുന്ന ഭാര്യ.. ശേഷം ചിന്ത്യം.

പ്രവാസജീവിതത്തിലെ ഗൃഹാതുര സ്മരണകളായി മാറിയ തിരുവാതിര പരിശീലനവും , തലേദിവസത്തെ സദ്യയൊരുക്കവും , വടംവലി മത്സരത്തിന്റെ പ്രഘോഷണങ്ങളും ഒക്കെ അതിന്റെ പൂർണ ആവേശത്തിൽ പുനഃസൃഷ്ടിച്ചു കൊണ്ട് , ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓണമേളം അംഗങ്ങളുടെ മനസ്സിൽ നിറക്കാനും എല്ലാവരെയും ഓണാഘോഷവേദിയിലേക്കു എത്തിക്കുവാനും ഫിമയുടെ ഭരണസമിതിക്ക് കഴിഞ്ഞു. പൂക്കളം ഒരുക്കിയ കുട്ടികളും, വേദിയിലെ മുന്നൊരുക്കങ്ങൾ നടത്തിയ കൂട്ടുകാരും, ഹിമ അംഗങ്ങളും കാത്തിരുന്നതുപോലെ കൃത്യ സമയത്തു തന്നെ തനി കേരളാശൈലിയിലുള്ള വസ്ത്രധാരണവുമായി ഫിൻലൻഡിലെ ഇന്ത്യൻ അംബാസിഡർ വാണി റാവു വന്നെത്തി. തൊട്ടുപുറകേ ഫിൻലൻഡ്‌ മലയാളികൾക്ക് ആശംസകളുമായി മാവേലിമന്നനും കടന്നുവന്നു. അനുഗ്രഹാശംസകൾക്കും ചുരുങ്ങിയതും കാര്യമാത്രപ്രസക്തവുമായ കാര്യപരിപാടികൾക്കും ശേഷം, ഓണക്കളികളും മത്സരങ്ങളും ആവേശകരമായി മുന്നേറുന്നതിനിടയിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഏകികൃതശൈലിവല്ലഭന്മാരായി കടന്നു വന്ന ഗജവീരൻ വടംവലി ടീം ആഘോഷ വേളയുടെ പ്രധാന ആകർഷണമായി മാറി. അങ്ങനെ ഷാജി ഗഫൂർ വാക്ക് പാലിച്ചു. എതിർടീമായ കേരള ടസ്കേഴ്സ്ന്റെ നെഞ്ചിടിപ്പിന് അപ്പോൾ പെരുമ്പറയുടെ ശബ്ദമുണ്ടായിരുന്നു എന്നും, മാനേജരായ പഴയ സെക്രട്ടറി മുങ്ങാൻ ശമിച്ചു എന്നും, ഉത്തേജക മരുന്ന് ചോദിച്ചെത്തിയ ഏതോ മലയാളിയെ സമീപത്തുള്ള മെഡിക്കൽ സ്റ്റോറുകാരൻ ചീത്തവിളിച്ചു എന്നുമൊക്കെ ഉള്ള കിംവദന്തികൾ ജനക്കൂട്ടത്തിൽ പങ്കുവെക്കപ്പെട്ടതു പെട്ടെന്നായിരുന്നു. എങ്കിലും ആവേശം മുറ്റിനിന്ന മത്സരത്തിൽ വിജയം ടസ്കേഴ്സ്ന്റെ പക്ഷത്തായിരുന്നു. അല്ലെങ്കിലും നമ്മൾ മലയാളികൾ അങ്ങേനെയാണല്ലോ.. മലപ്പുറം കത്തി, മെഷീൻ ഗൺ..

തിരികെ ഹാളിലേക്ക് കടന്നുവന്ന അംഗങ്ങളെയും അതിഥികളെയും കാത്തിരുന്നത് വിഭവ സമൃദ്ധമായ ഓണസദ്യ !! ഷാകിറും , സജിത്തും ഗണേഷും മനസ്സറിഞ്ഞു വിളമ്പിയ , ഇലയിൽ ചോറും പതിനെട്ടു തരം കറികളും രണ്ടുതരം പായസവും മതിയാവോളം കഴിച്ചു സരസസംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ ഇവിടെയും ഓണമുണ്ട് , മഞ്ഞുമൂടിയ രാജ്യത്തല്ല എവിടെയായാലും മാനുഷരെല്ലാരും ഒന്നുപോലാകുന്ന ഒരു സംസ്കാരം ഞങ്ങൾ കാത്തു സൂക്ഷിക്കും എന്നൊക്കെ പറയണം എന്ന് മനസ്സ് മന്ത്രിച്ചു….

അനൂപ്‌ ജിനദേവന്‍

Share this Post