സംഗമം 2018- ഒരു എളിയ അവലോകനം

admin/ May 27, 2018/ Blog

ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട കാണും എന്നാണ് പൊതുവെയുള്ള ചൊല്ല്. എന്നാൽ ഉത്തരധ്രുവത്തിനടുത്തു കിടക്കുന്ന അതിശൈത്യം നിറഞ്ഞ ഈ നാട്ടിൽ , ലോകത്തിൽ ഏറ്റവും  കൂടുതൽ കാപ്പികുടിക്കുന്ന വിരുതന്മാരുള്ള ഫിൻലൻഡിൽ ഒരു ചായക്കട വരുമെന്ന് നമ്മൾ മലയാളികൾ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.

പാപ്പന്‍സ് ചായക്കട

ആ അസുലഭമുഹൂർത്തതിന് സാക്ഷ്യം വഹിച്ച കൂട്ടായ്മയായിരുന്നു ഈ വർഷത്തെ സംഗമം 2018. ഈഫൽ ടവറിന്റെയും ബുർജ് ഖലീഫയുടെയും മുൻപിൽ നിന്ന് ഫോട്ടോക്കു പോസ് ചെയ്യാൻ കാണിക്കുന്നതിലുപരി ഉത്സാഹത്തിലായിരുന്നു ഓരോരുത്തരും പാപ്പൻസ് ചായക്കട യുടെ മുൻപിൽ നിന്നും ഫോട്ടോ എടുക്കാൻ കാണിച്ച ആവേശം. പിറ്റേ ദിവസത്തെ whatsapp, facebook ഗ്രൂപ്പുകളുടെ കാര്യം പിന്നെ പറയേണ്ടല്ലോ അല്ലെ? ലുങ്കിയുടുത്തു നാടൻ വേഷത്തിലെത്തിയ മലയാള മംഗന്മാർ എല്ലാ ഫോട്ടോയിലും താരങ്ങളായി . അടുത്ത വർഷത്തെ പരിപാടിക്ക് ഇവരുടെ ഒരു ലുങ്കി ഡാൻസ് വച്ചാൽ അത് ഹിറ്റ് ആകുമെന്നാണ് ഉറപ്പാണ്.

ലോകത്തിന്റെ ഏതു കോണിൽ കുടിയേറിപ്പാർത്തലും മലയാളി എപ്പോഴും അഹങ്കാരത്തോടെ കൈമുതലായി കൊണ്ട് നടക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. തെറ്റിദ്ധരിക്കേണ്ട; അസൂയ, കുശുമ്പ്, പരദൂഷണം ഇതൊന്നും അല്ല ഞാൻ ഉദ്ദേശിച്ചത്. മലയാളിയുടെ നാവിന്റെ രുചിക്കൂട്ട്. അത് എല്ലാവരും ആവോളം ആസ്വദിച്ചു എന്ന് എടുത്തു പറയേണ്ടതാണ്. ചായക്കടയുടെ അപ്രതീക്ഷിത സെറ്റപ്പിൽ കാന്താരിയും തട്ടുകടയും ഒരു നിമിഷം പതറിയെങ്കിലും രുചിയുടെ കാര്യത്തിൽ അവരും വൻകയ്യടി ഏറ്റുവാങ്ങി. നാടൻ വിഭവങ്ങളുടെ അസാമാന്യ
രുചിക്കൂട്ടിൽ കാന്താരിയും, തട്ട് കടയും ഒന്നിനൊന്ന് മികച്ചതായിരുന്നു.

കഥകളിയില്‍ നിന്ന്

സെറ്റപ്പിലും ലുക്കിലും മാത്രമല്ല ഭക്ഷണത്തിന്റെ ഗുണമേന്മയിലും തങ്ങൾ പിന്നിലല്ല എന്ന് ചായക്കടക്കാരും തെളിയിച്ചു. ഒരിടത്തു പൊറോട്ടയും
ബീഫും മറ്റൊരിടത്തു കപ്പയും മീനും പിന്നൊരിടത്തു കൊതിയൂറുന്ന ജിലേബിയും . എവിടെ നിന്ന് വാങ്ങണം എന്നറിയാതെ പലരും ആശയക്കുഴപ്പത്തിലായി.സൗജന്യമായി നാരങ്ങാ മിഠായികൾ നൽകി
ചായക്കടടീമ്സ് മറ്റുള്ളവരെ ആകർഷിച്ചെങ്കിൽ coupon എടുത്തു ഫ്രയിങ്
പാൻ സ്വന്തമാക്കാൻ കാന്താരിയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഒരു നിമിഷം ഞാനും ഒരു സാധാരണ മലയാളി ആയി. എവിടെ പോയാലും ഭക്ഷണത്തത്തെപ്പറ്റി മാത്രം വാ തോരാതെ സംസാരിക്കുന്ന മലയാളി. നമ്മുടെ കണ്ണിനും കാതിനും വർണ്ണവിസ്മയം ഒരുക്കിയ കലാപരിപാടികളെപ്പറ്റി മറക്കാൻ പറ്റില്ലല്ലോ. കഴിഞ്ഞ ഒരു മാസത്തെ  അംഗങ്ങളുടെ പ്രയത്നം ശരിക്കും വേദിയിൽ പ്രതിഫലിച്ചിരുന്നു. കഥകളി മുതൽ സിനിമാറ്റിക് ഡാൻസ് വരെയുള്ള  വൈവിധ്യമാർന്ന കലാവിരുന്നിനു സംഗമം വേദിയായി. നളചരിതം കഥകളി ആസ്വദിച്ചിരുന്നപ്പോൾ എപ്പോഴൊക്കെയോ  ഗൃഹാതുരത്വത്തിന്റെ ആർദ്രത വർഷിക്കാതിരുന്നില്ല. മലയാളം പാട്ടുകളും അതിനൊപ്പം ചുവടു വയ്ക്കുന്ന കുട്ടികളും മുതിർന്നവരും എല്ലാം ഒരു നിമിഷം നമ്മെ കൊച്ചു കേരളത്തിലേക്ക് കൂട്ടികൊണ്ടുപോയി. ഫിന്നിഷ് ഫോക് ഡാൻസും ബോളിവുഡ് ഡാൻസും വ്യത്യസ്തതകൊണ്ട് മികവുറ്റതായി. Fusia പെർഫോമിംഗ് ആർട്സിന്റെ കലാപരിപാടികൾ എന്നത്തേയും പോലെ തന്നെ ഏറ്റവും മികച്ചതായിരുന്നു.

FIMA Theaters അവതരിപ്പിച്ച നാടകത്തില്‍ നിന്ന്

FIMA തീയേറ്റേഴ്സിന്റെ ഇത്തവണത്തെ നാടകം എല്ലാവരെയും ആവശ്യത്തിന് കളിയാക്കിയെങ്കിലും വയറു നിറയെ ചിരിക്കുവാൻ വകയുള്ളതായിരുന്നു. സമകാലിക പ്രസക്തിയുള്ള ആശയങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുവാൻ നടത്തിയ ശ്രമം വിജയിക്കുക തന്നെ ചെയ്തു. എന്തായാലും സിനിമയിലെ പോലെ പുരികം പൊക്കാൻ സ്പെഷ്യൽ കോച്ചിങ്ങിന്റെ ആവശ്യം തങ്ങൾക്കു വേണ്ടെന്നു അഭിനവ കലാകാരന്മാർ തെളിയിച്ചു. പക്ഷെ നാടകത്തിൽ അവതരിപ്പിച്ചപോലെ നാട്ടിൽ പോകുമ്പോൾ ആധാർ കാർഡ് ലിങ്ക് ചെയ്യാൻ എല്ലാവരും കഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. കുട്ടികളുടെ സർഗസൃഷ്ടിയിൽ നിന്നും ഉടലെടുത്ത നാടകം   അവതരണമികവുകൊണ്ട് മികച്ചതായിരുന്നു. എന്തായാലും ഒരു കര്യം ഉറപ്പിക്കാം. നാളെയുടെ വാഗ്ദാനങ്ങളായ ഇവരുടെ കയ്യിൽ FIMA യുടെ ഭാവി കലാപരിപാടികൾ ഭദ്രമായിരിക്കും. മൈമും ഒപ്പനയും മറ്റു നൃത്ത നൃത്യങ്ങളും  ഗാനാലാപനങ്ങളുമൊക്കെയായി സംഗമം ശരിക്കും നാട്ടിലെ ഒരു യുവജനോത്സവ വേദിയുടെ പ്രതീതി ഉണർത്തി.

മനസിനെ ഏറെ സ്പർശ്ച്ഛിച്ച ഹുസുവിന്റെ പ്രസംഗത്തെപ്പറ്റി എടുത്തു പറയാതിരിക്കാൻ വയ്യ.  അനന്തമായി സ്വപ്നം കാണുവാനും അതിനുവേണ്ടി അക്ഷീണം പരിശ്രമിക്കുവാനും’ അദ്ദേഹം നൽകിയ സന്ദേശം എത്രയോ അർത്ഥവത്താണ്.

സംഗമം ഒരു വിജയമാക്കിയ ഓരോ മലയാളിക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. അങ്ങനെ മനസും വയറും ഒരുപോലെ നിറഞ്ഞു എല്ലാവരും പിരിഞ്ഞു, അടുത്ത വർഷത്തെ സംഗമം ഇതിലും കൂടുതൽ ആവേശത്തോടെ നടത്താമെന്നുള്ള ശുഭ പ്രതീക്ഷയോടെ……

By Navami Shajehan

Share this Post